വാക്ക് പോരുകള്‍ക്ക് ഷട്ടറിട്ട് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുതുപ്പള്ളിയിലെത്തി !

കോട്ടയം: ഡിസിസി പട്ടിക പ്രഖ്യാപനം മുതല്‍ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പുതുപ്പള്ളിയിലെത്തി. ഇരുവരും തമ്മിലുളള കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച. അനുവാദം ചോദിക്കാതെ പുതുപ്പള്ളിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ഇതിന് മുന്‍പും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ച ചരിത്രമാണുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുകയല്ല തന്റെ ജോലി. മുഖ്യമന്ത്രിക്കും ബിജെപിക്കും മറുപടി നല്‍കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ ഉണ്ടായതില്‍ വേദനയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ചയിലൂടെ അത് പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകണം. ചര്‍ച്ചയില്ലാതിരിക്കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.