കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രത. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രിമാരായ വീണാ ജോര്‍ജ്, മുഹമ്മദ് റിയാസ് എന്നിവര്‍ കോഴിക്കോട് എത്തും. ഉച്ചയക്ക് 12മണിക്ക് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. രോഗം പടരാതിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും രാത്രിതന്നെ ഉന്നതതല ആക്ഷന്‍പ്ലാന്‍ തയ്യാറാക്കിയെന്നും വീണാാ ജോര്‍ജ് പറഞ്ഞു.
പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട് എത്തും. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് സംഘമാണ് എത്തുക. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുണ്ടാകുമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ വീട് സ്ഥിതി ചെയ്തിരുന്ന ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായി അടച്ചിട്ടുണ്ട്. പനി, ഛര്‍ദ്ദി അടക്കം ലക്ഷണമുളളവര്‍ അരോഗ്യവകുപ്പിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

