കാബൂൾ: അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ചൈനയുടെ പദ്ധതി. ചൈനയുടെ നീക്കങ്ങൾ ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നാണ് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ബാഗ്രാം വ്യോമതാവളം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ബാഗ്രാം വ്യോമതാവളം നിയന്ത്രണത്തിലാക്കിയാൽ പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ മുന്നറിയിപ്പ് നൽകുന്നു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അഫ്ഗാൻ വിഷയത്തിൽ റഷ്യയെപ്പോലുള്ള അഭിനേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും താലിബാനെതിരെ തിരിച്ചടി നടത്താൻ റഷ്യ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം ചൈന ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരെ പോരാടുന്നതിന് വേണ്ടി ചൈന പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിൽ ബെൽറ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈന ശ്രമിക്കുന്നത്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏൽപ്പിക്കാനാണ് അഫ്ഗാൻ ശ്രമിക്കുന്നതെങ്കിൽ ചൈന അവ ഏറ്റെടുക്കുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കുമെന്നും അതിനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചുവെന്നും നയതന്ത്രജ്ഞനായ അനിൽ തിഗ്രുനയാത്ത് അറിയിച്ചു. ഇന്ത്യയ്ക്കെതിരെ ചൈന ഏറെക്കാലമായി പാകിസ്താനെ പിന്തുണയ്ക്കുകയാണ്. ജയ്ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ശ്രമിച്ചപ്പോൾ ചൈന എല്ലായ്പ്പോഴും വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയാൻ ശ്രമിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാൻ ചൈന പാകിസ്താനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

