ന്യൂഡൽഹി: ആയുധക്കടത്ത് തടയാൻ അതിർത്തിയിൽ പുതിയ സംവിധാനം സ്ഥാപിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്താൻ അതിർത്തിയായ അത്താരിയിലെ സംയോജിത ചെക്ക് പോസ്റ്റിൽ ഇന്ത്യ റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണം (RDE) സ്ഥാപിച്ചു. ആയുധങ്ങൾ, വെടിക്കോപ്പുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ ഉൾപ്പെടെയുള്ള അനധികൃത വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ ഉപകരണം. ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ‘ഫുൾ ബോഡി ട്രക്ക് സ്‌കാനർ’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്.
ആയുധങ്ങൾ, വെടിമരുന്ന്, അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ വസ്തുക്കൾ എന്നിവ കടത്തുന്നത് ഈ ഉപകരണത്തിന്റെ സഹായത്തോടെ കണ്ടെത്താൻ കഴിയുമെന്ന് ലാൻഡ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ആദിത്യ മിശ്ര അറിയിച്ചു. അടിസ്ഥാനപരമായി ഒരു ട്രെക്കിന്റെ എക്‌സ് റേ എടുക്കുകയാണ് ഈ ഉപകരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിലുടനീളം റേഡിയോ ആക്ടീവ് വസ്തുക്കളുടെ അനധികൃത കടത്ത് കണ്ടെത്തുന്നതിനും തടയുന്നതിനും ഈ ഉപകരണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വിശദമാക്കി.
ഏഴ് റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ കൂടി ഇന്ത്യ ഉടൻ വിവിധ അതിർത്തികളിൽ സ്ഥാപിക്കുമെന്നാണ് വിവരം. പെട്രാപോൾ, ദാവ്കി, അഗർത്തല, സുതാർകനി (ബംഗ്ലാദേശ് അതിർത്തികൾ), മോറെ (മ്യാൻമർ അതിർത്തി), റക്‌സൗൾ, ജോഗ്ബാനി (നേപ്പാൾ അതിർത്തികൾ) എന്നിവിടങ്ങളിലെ സംയോജിത ചെക്ക് പോസ്റ്റുകളിൽക്കൂടി റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കാനാണ് ലാൻഡ് ആന്റ് പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ശേഷിക്കുന്ന അതിർത്തികളിലെ എല്ലാ സംയോജിത ചെക്ക് പോസ്റ്റുകളിലും റേഡിയേഷൻ ഡിറ്റക്ഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേന്ദ്രസർക്കാർ ടെൻഡർ നൽകിയിരുന്നു.
അഫ്ഗാനിസ്താനിൽ നിന്നുള്ള ട്രെക്കുകൾ പാകിസ്താൻ വഴി അത്താരി അതിർത്തിയിലൂടെയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. അഫ്ഗാനിൽ നിന്നുള്ള ഏകദേശം 30 ട്രെക്ക് ഡ്രൈഫ്രൂട്ട്സും മറ്റ് പഴവർഗ്ഗങ്ങളും അത്താരി അതിർത്തി കടന്ന് ദിവസവും ഇന്ത്യയിലേക്കെത്തുന്നുണ്ട്.

