മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ളപൂശുന്ന റിപ്പോര്‍ട്ട് തള്ളണം; സ്പ്രിംഗ്‌ളറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെയും ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കരനെയും വെള്ളപൂശുന്നതിനും രക്ഷപ്പെടുത്തുന്നതിനും വേണ്ടി തയ്യാറാക്കിയ ശശിധരന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പ്രിംഗളര്‍ ഇടപാടിനെപ്പറ്റി ആദ്യം അന്വേഷിച്ച കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഐ.ടി സെക്രട്ടറിയും വ്യോമയാന സെക്രട്ടറിയുമായ മാധവന്‍ നമ്പ്യാരും രാജ്യത്തെ അറിയപ്പെടുന്ന സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഡോ.ഗുല്‍ഷന്‍ റായിയും അടങ്ങുന്ന സമിതി ഈ ഇടപാടിനെപ്പറ്റി പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാന്‍ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ അക്ഷരം പ്രതി ശരി വച്ചിരുന്നു. ആ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുമാണ് നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥ തല സമിതിയെ വച്ചത്. ഈ ഉദ്യോഗസ്ഥ തല സമിതിക്ക് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള യാതൊരു യോഗ്യതയുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിനെ വെള്ള പൂശുന്നതിനും അവര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന വസ്തുതകളെ ശരിവയ്ക്കാന്‍ അവരും നിര്‍ബന്ധിതരായിരിക്കുന്നുവെന്നും, നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ആരെയും അറിയിക്കാതെ പരമരഹസ്യവുമായാണ് സ്പിംഗളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം അതേപടി ഉദ്യാഗസ്ഥ സമിതിയും ശരിവച്ചിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റയുടെ സുരക്ഷ ഉറപ്പ് വരുത്താതെയും വീട്ടു കാര്യം പോലെ തന്നിഷ്ടപ്രകാരമാണ് ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ കരാര്‍ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി പക്ഷേ ശിവശങ്കരന്‍ കുറ്റക്കാരനല്ല എന്ന് വിധിച്ചത് വിചിത്രമാണ്. ശിവശങ്കരന്‍ തെറ്റു ചെയ്തു, പക്ഷേ കുറ്റക്കാരനല്ല എന്നാണ് ഉദ്യോഗസ്ഥ സമിതി പറയുന്നത്. അത് വിചിത്രമാണ്. അപ്പോള്‍ പിന്നെകുറ്റക്കാരന്‍ ആരാണെന്നും അദ്ദേഹം ആരായുന്നു.

ശിവശങ്കരനെ മാത്രമല്ല, മുഖ്യമന്ത്രിയെയും രക്ഷിക്കാനുള്ള ഗൂഢമായ നീക്കമാണ് ഉദ്യോഗസ്ഥ സമിതി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കമ്മിറ്റി പറയുന്നത് സാമാന്യ ബോധമുള്ള ആരും വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.