മഥുര: മഥുരയിൽ മദ്യത്തിനും ഇറച്ചി വിൽപനയ്ക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുണ്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. നിരോധനം കാര്യക്ഷമായി നടപ്പാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും മദ്യ, മാംസ കച്ചവടക്കാരുടെ പുനരധിവാസത്തിന് വേണ്ട ഇടപെടൽ കാര്യക്ഷമാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. മദ്യ, മാംസ മേഖലയിൽ പ്രവർത്തിക്കുന്നവർ പാൽക്കച്ചവടത്തിനിറങ്ങണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ മഥുര വൃന്ദാവൻ, ഹരിയാനയിലെ പൽവാൾ, ബല്ലഭ്ഗഡ്, രാജസ്ഥാനിലെ ഭരത്പൂർ ജില്ല, മധ്യപ്രദേശിലെ മൊറേന ജില്ല എന്നിവ ഉൾപ്പെടുന്ന പ്രദേശമാണ് ബ്രിജ് ഭൂമി എന്ന് അറിയപ്പെടുന്നത്. യമുന നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഹിന്ദു ഐതിഹ്യമനുസരിച്ച് കൃഷ്ണനുമായി അടുത്ത ബന്ധമുള്ള സ്ഥലമാണ്. ഹിന്ദു തീർത്ഥാടനം കേന്ദ്രമായ കൃഷ്ണ സർക്യൂട്ടിൽ ഉൾപ്പെട്ട പ്രധാന കേന്ദ്രം കൂടിയാണിത്.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കുന്ന സ്ഥലമാണ് മഥുര. മധുര കേന്ദ്രീകരിച്ച് ബ്രിജ് ഭൂമി വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യയെ സാംസ്‌കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത് മേഖലയുടെ വികസനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥ് പ്രശംസിച്ചു. രാജ്യത്തിന് പുതിയ ദിശ നൽകിയിരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം വ്യക്തമാക്കി.

