ന്യൂഡൽഹി: കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയിൽ കേരളത്തിൽ നിന്നുള്ള 14 പേർ ഭാഗമാണെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ബഗ്രാം ജയിലിൽ നിന്ന് താലിബാൻ മോചിപ്പിച്ച തീവ്രവാദികളിൽ ഉൾപ്പെട്ട 14 മലയാളികളും ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കാബൂൾ വിമാനത്താവളത്തിലുണ്ടായ ബോംബാക്രമണത്തിൽ 13 യു എസ് സൈനികർ ഉൾപ്പടെ 170 പേരാണ് കൊല്ലപ്പെട്ടത്.
ഐസിസ്-കെയുടെ ഭാഗമായ 14 മലയാളികളിൽ ഒരാൾ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റ് 13 പേരെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഇവർ ഇപ്പോഴും ഐസിസ്-കെ ഭീകരവാദ ഗ്രൂപ്പിനൊപ്പം കാബൂളിലുണ്ടെന്നാണ് സൂചന. കാബുൾ വിമാനത്താവള ആക്രമത്തിൽ ഇവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
അഫ്ഗാനിസ്താനിലും പാകിസ്താനിലും സജീവമായ ഐസിസിന്റെ പ്രാദേശിക അനുബന്ധ സംഘടനയാണ് ഐസിസ് – കെ (Isis-K) അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസൻ പ്രൊവിൻസ് (ISKP). അഫ്ഗാനിസ്താനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ സംഘടനയാണിത്.
2015 ജനുവരിയിലാണ് ഐസിസ്-കെ സ്ഥാപിക്കപ്പെട്ടത്. അഫ്ഗാനിസ്താനിൽ നിന്നും പാകിസ്താനിൽ നിന്നും ജിഹാദികളിൽ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. കിഴക്കൻ പ്രവിശ്യയായ നംഗർഹറിലാണ് ഐസിസ്-കെയുടെ ആസ്ഥാനം. പാകിസ്ഥാനിലേക്കും പുറത്തേക്കും മയക്കുമരുന്നും കള്ളക്കടത്തുകളും നടത്തുന്ന ഇടനാഴിയാണ് നംഗർഹർ.

