കാർഷിക ബില്ലിനെതിരായ പ്രതിഷേധം; ഹരിയാനയിൽ കർഷകരും പോലീസും തമ്മിൽ സംഘർഷം

hariyana

അംബാല: ഹരിയാനയിൽ സംഘർഷം. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരും പോലീസും തമ്മിലാണ് സംഘർഷമുണ്ടായത്. ഏഴു തവണ പോലീസ് കർഷകർക്കെതിരെ ലാത്തിവീശി.

ഡൽഹിയിലേക്കുള്ള ദേശീയപാത ഉപരോധിച്ച് കർഷകർ നടത്തിയ സമരത്തിന് നേരെയാണ് പോലീസ് ലാത്തി വീശിയത്.

പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ റോഡുകൾ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ് കർഷകർ. മുളകൊണ്ടുണ്ടാക്കിയ പരമ്പരാഗത കട്ടിലുകൾ നിരത്തി അതിൽ ഇരുന്നാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഡൽഹി- അമൃത്സർ ഹൈവേയിലും അംബാലയിലെ ശംഭു ടോൾ പ്ലാസയിലുമാണ് കർഷകർ റോഡ് ഉപരോധിച്ചിരിക്കുന്നത്.

പോലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കേന്ദ്രസർക്കാരുമായി നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും കാർഷിക ബില്ല് പ്രശ്നത്തിൽ പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രതിഷേധ നടപടികളുമായി കർഷകർ മുന്നോട്ടു പോകുന്നത്.