ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തേക്ക് വിസ നൽകാൻ തീരുമാനം. കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനികൾ നിലവിൽ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധാരണ. സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഉചിതമായ ആശയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ-വിസ ഉപയോഗിച്ച് മാത്രമെ അഫ്ഗാനിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വരാവൂ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഓഗസ്റ്റ് 12-നും 14-നും ഇടയിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി അനുവദിച്ച 11,000-ൽ അധികം വിസകൾ റദ്ദാക്കേണ്ടി വന്നിരുന്നു. ആയിരത്തിലധികം വിസകൾ മോഷ്ടിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു നടപടി. തുടർന്നാണ് ഇ വിസകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
552-ൽ അധികം പേരെയാണ് അഫ്ഗാനിൽ നിന്നും ഇന്ത്യ രക്ഷപ്പെടുത്തിയത്. ആറു വിമാനങ്ങളിലായാണ് ഇന്ത്യ രക്ഷാ ദൗത്യം നടത്തിയത്.

