ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാള് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ദേശ് കാ മെന്റര്‍’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം സോനു സൂദ്.
ഡല്‍ഹി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അടുത്ത മാസം ആരംഭിക്കുന്ന പദ്ധതിയാണിത്. കേജ്രിവാളും സോനുവും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും, ഇത് അതിലും വലിയ കാര്യമാണ്, ജനങ്ങള്‍ എപ്പോഴും പറയും നിങ്ങള്‍ക്ക് എന്തെങ്കിലും നല്ലത് ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന്, അത് അദ്ഭുതകരമായ മേഖലയാണ്, പക്ഷെ, ഞങ്ങള്‍ അക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും സോനു വ്യക്തമാക്കി.
അതേസമയം, സോനു രാജ്യത്തിന് മുഴുവന്‍ പ്രചോദനമാണെന്നും, രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ആള് ആപത്തില്‍പെട്ടാലും സോനു അയാളെ ബന്ധപ്പെട്ട് വേണ്ട സഹായം എത്തിക്കുന്ന വ്യക്തിയാണെന്നും കേജ്രിവാള് ചൂണ്ടിക്കാട്ടി.

