കാബൂള്‍ ഇരട്ട സ്ഫോടനം; ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെത്തിയ സിഖുക്കാരും ഹിന്ദുക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക് !

ന്യൂഡല്‍ഹി: അഫ്ഗാനെ നടുക്കിയ ഇരട്ട സ്ഫോടനത്തില്‍ നിന്ന് കാബൂളിലെ ഗുരുദ്വാരയില്‍ കഴിയുന്ന 145 സിഖുക്കാരും 15 ഹിന്ദുക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്ഫോടനത്തിന് തൊട്ടുമുമ്പ് ഇന്ത്യയിലേക്ക് തിരികെപ്പോകാനുള്ള അവസരം തേടി ഇവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

എന്നാല്‍, പിന്നീട് ഗുരുദ്വാരയിലേക്ക് തന്നെ തിരിച്ചുപോന്നു. ഇവര്‍ തിരിച്ചതിന് തൊട്ടു പിന്നാലെയാണ് വിമാനത്താവളത്തിലെ ഗേറ്റിന് സമീപം ചാവേര്‍ ആക്രമണമുണ്ടായത്. ന്യൂനപക്ഷ വിഭാഗമായ സിഖുക്കാരും ഹിന്ദുക്കളും തലനാരിഴക്കാണ് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജീന്ദര്‍ സിങ് അറിയിച്ചു.

വ്യാഴാഴ്ച വൈകീട്ടാണ് ലോകത്തെ നടുക്കി അഫ്ഗാനിസ്ഥാനില്‍ സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. അഫ്ഗാന്‍ പൗരന്മാരും അമേരിക്കന്‍ സൈനികരുമടക്കം നൂറിലേറെ പേരാണ് സ്ഫോടനത്തില്‍ മരിച്ചത്.