ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഐഎസ് തീവ്രവാദികളോട് വികാരനിര്‍ഭരനായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: കാബൂളിലെ ഇരട്ട സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വേട്ടയാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 12 അമേരിക്കന്‍ സൈനികരുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വൈറ്റ് ഹൗസില്‍ വികാരനിര്‍ഭരനായി ബൈഡന്‍ പ്രതികരിച്ചത്.

ഈ ആക്രമണം നടത്തിയവര്‍ അറിയുക, ഞങ്ങള്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, കനത്ത വില നല്‍കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു.

മാത്രമല്ല, അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് അമേരിക്കയെ തടയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല, ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കില്ല, ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

കാബൂള്‍ ഇരട്ട സ്ഫോടനത്തില്‍ 12 യു എസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യു എസ് സേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ആക്രമണമായിരുന്നു ഇത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാന്‍ ഐ എസ് ഏറ്റെടുത്തിട്ടുണ്ട്.