രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല; പുതിയ നയം പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. രജിസ്റ്റർ ചെയ്യാത്ത ഡ്രോൺ ഇനി പറത്താനാകില്ല. അളില്ലാ വിമാനങ്ങളുടെ ഉപയോഗം, വാങ്ങൽ, വിൽപന എന്നിവയ്ക്കു കേന്ദ്രം പുതിയ നയം പുറത്തിറക്കി. വ്യോമയാന മന്ത്രാലയത്തിന്റേതാണ് നടപടി. പിഴത്തുകയും ഫീസും കുറക്കുകയും ചെയ്തു. ഡ്രോണുകൾക്ക് വഹിക്കാവുന്ന ഭാര പരിധി ഉയർത്തി. പുതിയ നയത്തിലെ ചട്ടങ്ങൾ ചരിത്രപരമാണെന്നും പുതിയ അവസരങ്ങൾക്ക് വഴി തുറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഡ്രോണുകളെ അഞ്ചുവിഭാഗമായി തിരിച്ചാണ് പുതിയ നയം രൂപീകരിച്ചരിക്കുന്നത്. 250 ഗ്രാം വരെയുള്ളതിനെ നാനോ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു കിലോവരെ മൈക്രോ വിഭാഗത്തിലും 25 കിലോവരെ സ്‌മോൾ വിഭാഗത്തിലും 150 കിലോവരെ മീഡിയം വിഭാഗത്തിലും, 150 കിലോയിൽ കൂടുതൽ ലാർജ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോം വഴിയാണ് ഡ്രോണുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്. യുണീക് ഐഡന്റിഫിക്കേഷൻ നമ്പറുമുണ്ടാകും. രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കരുതെന്നാണ് പുതിയ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രജിസ്‌ട്രേഷന് മുൻകൂർ പരിശോധന ആവശ്യമില്ല. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ വ്യോമപാതകൾ മേഖലകളാക്കി തിരിച്ച് ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും.

ഡ്രോണുകൾ നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ നിശ്ചിതഫീസ് നൽകി ഡിരജിസ്റ്റർ ചെയ്യണമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നുണ്ട്. 500 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഡ്രോണുകൾക്ക് അനുമതിയുണ്ട്. ആയുധങ്ങളും അപകടകരമായ വസ്തുക്കളും കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണമെന്നും മറ്റൊരാളുടെ സുരക്ഷയെ ബാധിക്കുംവിധം ഡ്രോൺ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. പിഴത്തുക ഒരു ലക്ഷം രൂപയാക്കിയാണ് ചുരുക്കിയത്. ആളില്ലാ വിമാനങ്ങൾ പറത്താൻ ലൈസൻസ് നിർബന്ധമാണ്. പത്താംക്ലാസ് പാസായ, പരിശീലനം ലഭിച്ച, 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് ലൈസൻസ് ലഭിക്കുക.

ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല. യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ലെന്നും നയത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.