തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവുമർശനവുമായി കോൺഗ്രസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയത്. കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം നിലവിൽ ഐ.സി.യുവിലാണെന്ന് ശശി തരൂർ എംപി വിമർശിച്ചു.
രാജ്യത്തെ ഭൂരിപക്ഷം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണെന്നും രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും കേരളത്തിൽ മാത്രം കേസുകളുടെ എണ്ണം കുറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഗൗരവമായ സാഹചര്യമാണെന്നും എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ റോഡ് സൈഡ് ഐ.സി.യു പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് സൗജന്യ തുടർ ചികിത്സ നിഷേധിച്ചതിനെതിരെയും കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾക്കെതിരെയും പ്രതിഷേധിച്ചായിരുന്നു നടപടി. കേരളം ഐ.സി.യുവിലാണെന്നും സംസ്ഥാനത്തിന്റെ സ്ഥിതി കാണിക്കാനുള്ള പ്രതീകാത്മക പ്രതിഷേധമാണിതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 30,007 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. മരണസംഖ്യയും സംസ്ഥാനത്ത് വർധിച്ചു വരികയാണ്. 20,134 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ ജീവൻ നഷ്ടമായത്.

