സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കാനൊരുങ്ങി കസ്റ്റംസും; പഴുതുകളടച്ച് അന്തിമ റിപ്പോര്‍ട്ട് ഒരുങ്ങുന്നു

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതി സന്ദീപ് നായരെ മാപ്പു സാക്ഷിയാക്കാനൊരുങ്ങി കസ്റ്റംസ്. കുറ്റപത്രത്തിന്റെ അന്തിമരൂപം തയാറാകുന്നതിനു മുന്നോടിയായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. നേരത്തെ തന്നെ എന്‍ഐഎ സന്ദീപ് നായരെ കുറ്റപത്രത്തില്‍ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഇയാളെ സ്വര്‍ണക്കടത്തു കേസിലും മാപ്പു സാക്ഷിയാക്കുന്നത് പരിഗണിക്കുന്നത്.

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കസ്റ്റംസ് കുറ്റപത്രം എന്നു സമര്‍പ്പിക്കാനാകുമെന്ന കാര്യത്തില്‍തീരുമാനമായിട്ടില്ല. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ കോവിഡ് ബാധിതരായി ചികിത്സയിലായതാണ് നീണ്ടുപോകുന്നതിന്റെ പ്രധാന കാരണം. മാത്രമല്ല, കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ സ്ഥലം മാറിപോയതും കേസിനു തിരിച്ചടിയായി. സുമിത് കുമാര്‍ സ്ഥലംമാറി പോകും മുന്‍പ് സമര്‍പ്പിച്ച കരടു രൂപം മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ പരിശോധിച്ച് എന്തെങ്കിലും പഴുതുകളുണ്ടെങ്കില്‍ അടച്ച് അന്തിമ റിപ്പോര്‍ട്ടിലേയ്ക്കു കടക്കാനാണ് തീരുമാനം.

സ്വര്‍ണക്കടത്തില്‍ വമ്പന്‍മാരെ അറസ്റ്റു ചെയ്യാന്‍ സാധിക്കാതെ പോയതും അന്വേഷണ സംഘത്തിനു തിരിച്ചടിയായിരുന്നു. ഡോളര്‍ കടത്തില്‍ മുന്‍ സ്പീക്കര്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റു ചെയ്യുന്നതിലേക്കു നയിക്കുന്ന വിവരങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ കുറ്റാരോപണങ്ങള്‍ പിടിയിലായവരിലേക്കു ചുരുങ്ങുന്നതിനാണ് സാധ്യത കാണുന്നത്.

സ്വപ്നയും സന്ദീപും സരിത്തും നടത്തിയ സ്വര്‍ണക്കടത്തിനു പുറമേ കോണ്‍സല്‍ ജനറല്‍ നടത്തിയ കള്ളക്കടത്തും ഇവരുടെ ഡോളര്‍ കടത്തുമാണ് കുറ്റകൃത്യങ്ങള്‍. ഇതിന്റെ ഭാഗമായ വിദേശത്തുള്ളവരെ ഒഴികെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്.

പ്രതിപ്പട്ടികയിലുള്ള ഇനിയും അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ലാത്ത ഫൈസല്‍ ഫരീദ് ഉള്‍പ്പടെയുള്ളവരെ ലഭിക്കുന്ന മുറയ്ക്കായിരിക്കും അധിക കുറ്റപത്രം സമര്‍പ്പിക്കലും വിചാരണ നടപടി ക്രമങ്ങളുമുണ്ടാകുക.