കോവിഡില്‍ കേരളം ഇന്ത്യയ്ക്ക് മുഴുവന്‍ വെല്ലുവിളി; മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡിനെ നിയന്ത്രിക്കുന്നതിനു പകരം മഹാമാരിയെ പ്രചാരവേലകള്‍ക്ക് ഉപയോഗിച്ച് സര്‍ക്കാരിന് നല്ല പേര് സമ്പാദിക്കുന്നതിലായിരുന്നു കേരളത്തിന് താത്പര്യമെന്നും, ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയ്ക്കു കാരണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കേരളം പ്രശസ്തിയുടെ പിറകേ പോയപ്പോള്‍ ഡല്‍ഹിയും മഹാരാഷ്ട്രയും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൊവിഡിനെ പിടിച്ചുകെട്ടിയെന്നും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തില്‍ കേരളം ഒന്നാമതാണെന്ന അവകാശത്തോടെ കൊവിഡ് വിജയത്തിന്റെ ക്രെഡിറ്റ് എടുത്തിരുന്നവരെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കാണുന്നില്ലെന്നും, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളില്‍ കരുതലിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പറഞ്ഞിരുന്നവരെയും ഇപ്പോള്‍ കാണാനില്ലെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

നിലവില്‍ കേരളം ഇന്ത്യയ്ക്ക് മുഴുവന്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും, ഇതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും മുരളീധരന്‍ പറഞ്ഞു.