ലീഡ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ 78ന് പുറത്ത്, ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൊഹ്ലിപ്പട തകര്‍ന്നടിഞ്ഞു. ടോസ് ലഭിച്ച ശേഷം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിനെ ഇംഗ്ലീഷുകാര്‍ തകര്‍ത്തു തരിപ്പണമാക്കി.

വെറും 78 റണ്‍സ് മാത്രമേ ഇന്ത്യന്‍ നിരയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ രോഹിത് ശര്‍മയും (19) അജിങ്ക്യ രഹാനെയും (18) മാത്രമേ രണ്ടക്കം കടന്നുള്ളൂ. 105 ബോളുകളിലാണ് രോഹിത്ത് 18 റണ്‍സെടുത്തത്. രഹാനെ 54 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 18 റണ്‍സെടുത്തത്.

കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ കൊഹ്ലി (7), റിഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടു.

മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്സനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. മുന്‍നിരയിലെ മൂന്നു വിക്കറ്റുകളും ആന്‍ഡേഴ്സനായിരുന്നു. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 120 റണ്‍സ് നേടി. 42 ഓവര്‍ ബാറ്റു ചെയ്താണ് ഇംഗ്ലിഷ് ഓപ്പണര്‍മാര്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അര്‍ധസെഞ്ചുറിയും തികച്ചു. കളി നിര്‍ത്തുമ്പോള്‍ റോറി ബേണ്‍സ് 52 റണ്‍സോടെയും ഹസീബ് ഹമീദ് 60 റണ്‍സോടെയും ക്രീസിലുണ്ട്. 10 വിക്കറ്റും കയ്യിലിരിക്കെ ഇംഗ്ലണ്ടിന് 42 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി

ലോര്‍ഡ്സില്‍ ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കൊഹ്ലി ഈ മല്‍സരത്തിലും ഇറങ്ങിയത്. മറുഭാഗത്ത് ഇംഗ്ലണ്ട് രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. മോശം ഫോം തുടരുന്ന ഡൊമിനിക്ക് സിബ്‌ളിയെ പുറത്തിരുത്തി പകരം ഡേവിഡ് മലാനെ കളിപ്പിച്ചു. പരിക്കേറ്റു പിന്‍മാറിയ പേസര്‍ മാര്‍ക്ക് വുഡിനു പകരം ക്രെയ്ഗ് ഒവേര്‍ട്ടനും ടീമിലേക്കു വന്നു