ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ തയാറെടുത്ത് ബ്രിട്ടൻ; കൂടുതൽ വാക്‌സിൻ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ

ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ വാക്‌സിനേഷനിലൂടെ പ്രതിരോധം തീർത്ത ബ്രിട്ടൻ വരുന്ന ശൈത്യകാലത്തെ മറ്റൊരു തരംഗം മുന്നിൽ കണ്ട് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാൻ തയാറെടുക്കുന്നു. പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകാനാണ് ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം. പൗരന്മാരെ കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി കൂടുതൽ വാക്‌സിൻ ശേഖരിക്കാനുള്ള സർക്കാർ നടപടികളും ആരംഭിച്ചു.

2022 ൽ ലഭ്യമാകുന്ന രീതിയിൽ 35 മില്യൺ ഡോസ് ഫൈസർ വാക്‌സിൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു. എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകൾ ഇതുവരെ വിവിധ കമ്പനികളിൽ നിന്നും ബ്രിട്ടൻ വാങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ മാസം മുതൽ 50 വയസിനു മുകളിലുള്ളവർക്ക് ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്‌സിൻ നൽകാമെന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്‌സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം സർക്കാർ സ്വീകരിച്ചിട്ടില്ല. ആദ്യ രണ്ടു ഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠന റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.