ന്യൂഡൽഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ വീണ്ടും വിള്ളൽ. പാർട്ടിയെ ചിലർ നശിപ്പിക്കുന്നു എന്ന മല്ലികാർജ്ജുന ഖർഗെയുടെ പ്രസ്താവനയെ ചൊല്ലിയാണ് ഇത്തവണ പാർട്ടിയിൽ വാക്പോര് മുറുകുന്നത്. സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളെക്കുറിച്ചായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെയുടെ പരാമർശം. നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഖർഗെ ഉന്നയിച്ചത്.
സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയവർ പാർട്ടിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിയെ നശിപ്പിക്കാനേ ഇത് ഇടയാക്കൂവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. കോൺഗ്രസ് ഈ നേതാക്കൾക്ക് എല്ലാം നൽകിയതാണെന്ന് ഓർക്കണമെന്നും കോവിഡിന്റെ തുടക്ക കാലത്ത് ഈ നേതാക്കളെ കാണാനില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖർഗെയുടെ പരാമർശത്തിനെതിരെ കപിൽ സിബലും ശശി തരൂരും ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. പാർട്ടിയെ രക്ഷിക്കാൻ നോക്കുന്നവരെ തള്ളരുതെന്നും പാർട്ടിയെ നശിപ്പിക്കാനല്ല ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു കപിൽ സിബലിന്റെ പ്രതികരണം. പാർട്ടിക്ക് എല്ലാം നൽകിയവരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഖാർഗെ മറക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖർഗെയുടെ അഭിപ്രായ പ്രകടനം നിർഭാഗ്യകരമാണെന്ന് ശശി തരൂരും പ്രതികരിച്ചു.
ബിജെപിക്കെതിരെ ഒന്നിച്ചു പോരാടുമ്പോൾ നേതാക്കൾ പരസ്പര ബഹുമാനം കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ആനന്ദ് ശർമ്മയും ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഒന്നും ചെയ്യാത്തവരെന്ന് പറയും മുമ്പ് ഖർഗെ തന്നോട് സംസാരിക്കണമായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.

