സംഘർഷഭരിതമായ അവസ്ഥയിൽ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകരുത്; രൂക്ഷ വിമർശനവുമായി ചൈന

ബെയ്ജിങ്: അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ചൈന. സംഘർഷഭരിതമായ ഈ അവസ്ഥയിൽ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അഫ്ഗാൻ വിഷയം ഉണ്ടാകാൻ പ്രധാന കാരണവും ഘടകവും അമേരിക്കയാണ്. അതിനാൽ തന്നെ അമേരിക്കയ്ക്ക് അഫ്ഗാൻ വിട്ട് ഓടി പോകാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഫ്ഗാനിൽ സംഘർഷം ഒഴിവാക്കി സമാധാനപരമായ ജനജീവിതം ഉറപ്പാക്കുന്നതിനും അമേരിക്കയുടെ സഹായം ഉണ്ടാകണം. രാജ്യത്ത് സ്ഥിരതയും പുനർനിർമാണവും നടത്താൻ അമേരിക്കയുടെ ഇടപെടലുണ്ടാകണം. നേരത്തെ അമേരിക്ക ഉറപ്പ് നൽകിയത് പോലെ അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യത്തിന്റെ പുനർനിർമാണം ഏറ്റെടുക്കാനും മാനുഷിക പരിഗണന നൽകാനും മുൻകൈയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. താലിബാൻ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് അഫ്ഗാൻ പുനർനിർമാണത്തിൽ പങ്കാളിയാകാനുള്ള താത്പര്യവും ചൈന വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഒറ്റ അമേരിക്കൻ പൗരൻ പോലും അഫ്ഗാൻ മണ്ണിൽ ശേഷികുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാകും രക്ഷാദൗത്യമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒഴിപ്പിക്കൽ ദൗത്യമാണ് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാബൂൾ നഗരത്തിൽനിന്ന് യുഎസ് പൗരൻമാരെയും വിദേശികളെയും അഫ്ഗാൻ സഖ്യകക്ഷികളെയും വ്യോമമാർഗം പുറത്തെത്തിക്കാൻ നടക്കുന്ന ശ്രമം അതീവ ദുഷ്‌കരവും അപകടകരവുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.