ന്യൂഡൽഹി: ശ്രീനാരായണ ഗുരുദേവന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്റെ 167-ാമത് ജയന്തിയോടനുബന്ധിച്ചാണ് അദ്ദേഹം ആദരവ് അർപ്പിച്ചത്. ഗുരുദേവ ദർശനങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്യാഭ്യാസം, സാമൂഹിക പരിഷ്കരണം, സമത്വം എന്നിവയിലൂന്നിയുള്ള ഗുരുദേവന്റെ പ്രവർത്തികൾ സമൂഹത്തിന് ഇന്നും പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനുമായി അദ്ദേഹം നിലകൊണ്ടു. യുവശക്തി ഉപയോഗപ്പെടുത്തുന്നതിനും ശ്രീനാരായണ ഗുരു വളരെയധികം പ്രാധാന്യം നൽകിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും ശ്രീനാരായണ ഗുരുവിന് ആദരവ് അർപ്പിച്ചു. ഗുരുദേവന്റ ജയന്തിയോടനുബന്ധിച്ച് 100 രാജ്യങ്ങളിൽ നടന്ന ദൈവ ദശക ആലാപനത്തിൽ അദ്ദേഹം പങ്കെടുത്തു. ദൈവ ദശകത്തിന്റെ ആശയം സനാതന ധർമ്മത്തിന്റെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. സൃഷ്ടിയും, സൃഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദൈവ ദശകം വിളിച്ചോതുന്നത്. സംഘർഷ ഭരിതമായ ലോകത്ത് സമാധാനത്തിന്റെയും സഹവർത്തിത്തത്തിന്റെയും സഹിഷ്ണതയുടേയും സന്ദേശം നൽകുന്ന ദൈവ ദശകത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി മാറുന്ന പ്രാർത്ഥനയാണ് ദൈവ ദശകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

