മൂന്നാം തരംഗം മുന്നിലുണ്ട്; അടുത്ത നാലാഴ്ച നിര്‍ണായകം, അതീവ ജാഗ്രത വേണമെന്ന് വീണാ ജോര്‍ജ് !

veena

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയതെന്നും, എല്ലാക്കാലത്തും അടച്ചിടാന്‍ സാധിക്കില്ല, ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു, എന്നാല്‍, പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും. മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്.

അതേസമയം, മൂന്നാം തരംഗം മുന്നില്‍ കണ്ട് താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്.

വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളും വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നത്.