ഡിസിസി അദ്ധ്യക്ഷന്മാരെ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സുധാകരൻ ഡൽഹിയിൽ

ന്യൂഡൽഹി: കേരളത്തിലെ ഡിസിസി അദ്ധ്യക്ഷന്മാരെ ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താനായി ഡൽഹിയിലെത്തി. ഡിസിസി അദ്ധ്യക്ഷന്മാരുടെ സാധ്യതാപട്ടിക പ്രതീക്ഷിച്ചതിലും നേരത്തേ ഹൈക്കമാൻഡിന് പ്രഖ്യാപിച്ചെങ്കിലും അന്തിമ പ്രഖ്യാപനം വൈകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ചതിനാൽ ഡിസിസി പട്ടിക തയ്യാറാക്കൽ തർക്കത്തിന് വഴിവെച്ചിരുന്നു. ഇതാണ് അന്തിമ പ്രഖ്യാപനം വൈകാൻ കാരണമായി വിലയിരുത്തുന്നത്. നേരത്തേതന്നെ ചർച്ചകളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാൽ ഇടഞ്ഞുനിന്ന ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും താരിഖ് അൻവറുമായി ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. ഇവരെ അനുനയിപ്പിക്കാനുളള നീക്കം ഫലംകണ്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

ചർച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം വ്യക്തമാക്കി സോണിയാ ഗാന്ധിയ്ക്ക് ഇരുവരും കത്ത് നൽകുകയും ചെയ്തിരുന്നു.

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്നാണ് വിവരം. പാർട്ടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നൽകാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

അതേസമയം ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്നാണ് സുധാകരനും സതീശനും പറയുന്നത്. ഇരുനേതാക്കളും ആരെയൊക്കെ പ്രസിഡന്റാക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. അതെല്ലാം പരിഗണിച്ചുവെന്നും ഗ്രൂപ്പ് പരിഗണന മാത്രം അടിസ്ഥാനമാക്കി വീതംവെക്കലുണ്ടാകില്ലെന്നത് പൊതുനിലപാടാണെന്നും ഇരുവരും വിശദമാക്കി.