മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസ്‌ലിയാര്‍ ഉള്‍പ്പടെ 387 പേര്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ പാനലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ട് .
1921-ല്‍ നടന്ന മലബാര്‍ കലാപം അല്ലെങ്കില്‍ മാപ്പിള കലാപം കേരള സര്‍ക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു വിഭാഗം പ്രക്ഷോഭത്തെ വര്‍ഗീയ സമരമായാണ് കണക്കാക്കുന്നത്. എന്നാല്‍, 1921 ലെ സമരം ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നുമാണ് ഐ.സി.എച്ച്.ആര്‍ പാനലിന്റെ കണ്ടെത്തല്‍. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നും ദേശീയതയ്ക്ക് അനുകൂലമല്ല, അതേസമയം ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും, കലാപം ഒരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. ഇത് വിജയിച്ചിരുന്നെങ്കില്‍, ഇവിടെയും ഒരു ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നു, ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നെന്നുമാണ് സമിതി ചൂണ്ടിക്കാട്ടുന്നത്.
ഹാജി ഒരു ശരീഅത്ത് കോടതി സ്ഥാപിക്കുകയും ധാരാളം ഹിന്ദുക്കളുടെ ശിരഛേദം ചെയ്യുകയും ചെയ്ത കലാപകാരിയാണെന്നും സമിതി കണ്ടെത്തിയിരിക്കുന്നു. മതേതര മുസ്‌ലിംകളെ പോലും കലാപകാരികള്‍ വെറുതെ വിട്ടില്ലെന്നും, കലാപകാരികളുടെ കാഴ്ചപ്പാടില്‍ മരിച്ചവര്‍ അവിശ്വാസികളായിരുന്നു. വിചാരണക്ക് വിധേയരായ തടവുകാരായ ധാരാളം ‘രക്തസാക്ഷികള്‍’ കോളറ തുടങ്ങിയ രോഗങ്ങളാലാണ് മരണമടഞ്ഞത്. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണക്ക് ശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നും സമിതി നിരീക്ഷിച്ചു.
സമിതിയുടെ ശുപാര്‍ശ പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക പരിഷ്‌കരിക്കുമെന്നും ഒക്ടോബര്‍ അവസാനത്തോടെ നിഘണ്ടു പുറത്തിറക്കുമെന്നും ഐ.സി.എച്ച്.ആര്‍ ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ഓം ജീ ഉപാധ്യായ് പറഞ്ഞു
കഴിഞ്ഞവര്‍ഷം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രധാന കഥാപാത്രമാക്കി പുതിയ ചിത്രം ഒരുക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പ്രഖ്യാപിച്ച ശേഷം മാപ്പിള കലാപം സംബന്ധിച്ച് സംസ്ഥാനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയ കൂട്ടക്കൊലയാണ് മലബാര്‍ കലാപം എന്ന് ചൂണ്ടിക്കാട്ടി വന്‍ പ്രതിഷേധവും ചിത്രത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. കലാപത്തിന്റെ പ്രധാന നേതാവായ വാരിയംകുന്നത്തിനെ സിനിമയില്‍ ഒരു ഹീറോ പരിവേഷത്തില്‍ ചിത്രീകരിക്കരുതെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്.

