താലിബാൻ തടഞ്ഞു; നാലു മണിക്കൂറിലധികം ചോദ്യം ചെയ്തുവെന്ന് അഫ്ഗാനിൽ നിന്നും മടങ്ങിയെത്തിയവർ

ന്യൂഡൽഹി: വിമാനത്താവളത്തിന് തൊട്ടു മുന്നിൽ വച്ച് താലിബാൻ ഭീകരർ തങ്ങളെ തടഞ്ഞെന്ന് വെളിപ്പെടുത്തി അഫ്ഗാനിൽ നിന്നും രാജ്യത്തേക്ക് തിരികെ എത്തിയവർ. സ്ത്രീകൾ ഉൾപ്പടെയുള്ളവരെ താലിബാൻ തടഞ്ഞു വച്ചിരുന്നുവെന്നാണ് അഫ്ഗാനിൽ നിന്നും മടങ്ങിയെത്തിയവർ പറയുന്നത്. പത്തു കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം നാലു മണിക്കൂറിലധികം താലിബാൻ തങ്ങളെ ചോദ്യം ചെയ്തുവെന്നും ഇവർ പറയുന്നു.

എല്ലാവരുടെയും തിരിച്ചറിയൽ കാർഡും താലിബാൻ ചോദിച്ചു. മറ്റൊരു വാതിൽ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നൽകിയാണ് 6 ബസുകൾ വഴിതിരിച്ചു വിട്ടത്. വീഡിയോ കാൾ വഴി ഒരാൾ നിർദ്ദേശം നൽകിയ ശേഷമാണ് തങ്ങളെ താലിബാൻ ഭീകരർ വിട്ടയച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ വ്യക്തമാക്കി.

മലയാളികൾ ഉൾപ്പടെ 392 പേരെ മൂന്നു വിമാനങ്ങളിലായി ഞായറാഴ്ച്ച ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു. ഇനി അഞ്ഞൂറിലധികം പേർ അഫ്ഗാനിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിൽ നിന്നും മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ഊർജിതമായി നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മുഴുവൻ പേരെയും തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വിശദമാക്കി.