ഇന്‍കം ടാക്‌സ് വെബ്‌സൈറ്റിലെ തകരാര്‍; ഇന്‍ഫോസിസ് സിഇഒയെ നിര്‍മല സീതാരാമന്‍ വിളിപ്പിച്ചു

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലിന്റെ തകരാറ് പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിപ്പിച്ചു. നാളെ നേരിട്ട് വിശദീകരണം നല്‍കാനാണ് നിര്‍ദേശം.

രണ്ടര മാസമായിട്ടും തകരാറ് പരിഹരിക്കാന്‍ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഫോസിസിന് കഴിയാത്തതിലാണ് സലീല്‍ പരേഖിനോട് നാളെ ഹാജരാകാന്‍ ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

ജൂണ്‍ 7നാണ് പുതിയ ഇ-ഫയലിങ് പോര്‍ട്ടല്‍ www.incometax.gov.in പുറത്തിറക്കിയത്. റിട്ടേണുകള്‍ പ്രൊസസ് ചെയ്യുന്ന സമയം കുറയ്ക്കുന്നതിനും റീ ഫണ്ട് വേഗത്തില്‍ നല്‍കുന്നതിനുമാണ് പുതുതലമുറ ഫയലിങ് സംവിധാനം തയ്യാറാക്കാന്‍ 2019ല്‍ ധനമന്ത്രാലയം ഇന്‍ഫോസിസുമായി കരാറിലെത്തിയത്.

എന്നാല്‍, ലോഗിന്‍ ചെയ്യാനുള്ള പ്രയാസം, ആധാര്‍ മൂല്യ നിര്‍ണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാന്‍ സാധിക്കാത്തത് തുടങ്ങി പലര്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല പരാതികളും സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നു വരുകയും ചെയ്തിരുന്നു.