തർക്കത്തിന് പ്രസക്തിയില്ല; എല്ലാ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയിൽ തർക്കത്തിന് പ്രസക്തിയില്ലെന്ന് കെ മുരളീധരൻ. മുഴുവൻ നേതാക്കളെയും തൃപ്തിപ്പെടുത്തിയുള്ള പുനഃസംഘടന സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ഭാരവാഹിപ്പട്ടിക ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കൾ ആവർത്തിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം വൈകുന്നതായി അദ്ദേഹം പറഞ്ഞു. പി വി അൻവർ എംഎൽഎയ്‌ക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അൻവർ എംഎൽഎയുടെ വിദേശ യാത്രയെ കുറിച്ചാണ് അദ്ദേഹം വിമർശിച്ചത്. അസംബ്ലിയിൽ പങ്കെടുക്കാതെയല്ല എംഎൽഎ മാർ ബിസിനസ് നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിൻറെ ഇടപെടലുമാണ് പട്ടിക വൈകാൻ കാരണമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. ഐ ഗ്രൂപ്പ് പ്രതിനിധികൾ ഒൻപത് ജില്ലകളിലും എ ഗ്രൂപ്പ് പ്രതിനിധികൾ അഞ്ച് ജില്ലകളിലും അദ്ധ്യക്ഷന്മാരാകും. പട്ടികയിൽ ഗ്രൂപ്പ് മാനദണ്ഡമായില്ലെന്നും മെറിറ്റ് മാത്രം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതേസമയം ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഇപ്പോഴും തർക്കം തുടരുകയാണെന്നാണ് വിവരം. ഈ ജില്ലകളൊഴിച്ച് മറ്റിടങ്ങളിൽ പേരുകൾക്ക് അന്തിമ തീരുമാനമായി. വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലും ആലപ്പുഴയിൽ ബാബു പ്രസാദും ഇടുക്കിയിൽ സി.പി മാത്യുവുമാണ് പട്ടികയിലുള്ളത്. എറണാകുളത്ത് മുഹമ്മദ് ഷിയാസും തൃശൂരിൽ ജോസ് വള്ളൂരും പാലക്കാട് എ തങ്കപ്പനും കോഴിക്കോട് പ്രവീൺ കുമാറും വയനാട് കെ കെ എബ്രഹാമും കാസർഗോഡ് ഖാദർ മങ്ങാടും പട്ടികയിൽ ഉണ്ട്.