ജനറൽ ഇൻഷുറൻസ് നിയമത്തിൽ മാറ്റം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇനി മുതൽ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാകാം. ഇതിന്റെ ഭാഗമായിട്ടുളള നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ജനറൽ ഇൻഷുറൻസ് ബിസിനസ് (നാഷണലൈസേഷൻ) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാനമാറ്റം.

അതസമയം നിയമ ഭേദഗതി സ്വകാര്യവത്ക്കരണത്തിനല്ലെന്നാണ് ധനമന്ത്രി അറിയിച്ചത്. ജനറൽ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ കമ്പനികൾ വിപണിയിൽ കൂടുതൽ ധനസമാഹരണം നടത്തുകയും പുതിയ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പൊതുമേഖല കമ്പനികൾക്ക് വിഭവശേഷി കുറവായതിനാൽ പിന്നോക്കം പോകുന്ന പ്രവണത ഉളളതായും അതിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നതുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

എന്നാൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതിയെന്നാണ് വിദഗ്ധർ പറയുന്നത്. പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.