പാലക്കാട്: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മുണ്ടാരത്ത് എലവഞ്ചേരിക്കടുത്തെ തറവാട്ട് വീട്ടിൽ ഓണാഘോഷത്തിനെത്തി ശശി തരൂർ എംപി. ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ളതാണ് ഇത്തവണത്തെ ഓണമെന്ന് ശശി തരൂർ വ്യക്തമാക്കി. ഒരു പ്രമുഖ്യ മാദ്ധ്യമത്തോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
കഴിഞ്ഞ 20 വർഷത്തോളം അഫ്ഗാൻ ജനത വളരെ നല്ല രീതിയിലുള്ള ജീവിത സാഹചര്യം പുലർത്തി വന്നിരുന്നു. പക്ഷെ നിലവിൽ സാഹചര്യം മാറി. മതമോ ജാതിയോ നോക്കാതെ എല്ലാ അഭയാർഥികളെയും രക്ഷിക്കുക എന്ന കാഴ്ചപ്പാടാവണം ഇന്ത്യ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് സ്ഥലത്തായിരുന്നാലും ഓണം ആഘോഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂയോർക്ക് ഐക്യരാഷ്ട്ര സഭയിൽ പ്രതിനിധിയായിരിക്കവേ വിയന്നയിലും ജനീവയിലെയും നടന്ന ഓണാഘോഷ പരിപാടികളെ കുറിച്ചുള്ള ഓർമ്മകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കുടുംബത്തോടൊപ്പമാണ് പുത്തരി ചടങ്ങ് ആഘോഷിച്ചിട്ടുള്ളതെന്നും പുത്തരിയൂണിന് നേതൃത്വം കൊടുത്തതിനെ കുറിച്ചുള്ള ഓർമ്മകളും അദ്ദേഹം വിശദമാക്കി.

