ഭുവനേശ്വര്‍: റെയില്‍വേ സേവനങ്ങളെയും ശുചിത്വത്തെയും കുറിച്ച് നേരിട്ടറിയാന്‍ ട്രെയിന്‍ യാത്ര നടത്തി കേന്ദ്രമന്ത്രി. ഭുവനേശ്വറില്‍ നിന്ന് റായ് ഗഡായിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ വ്യാഴാഴ്ചയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനം.
മന്ത്രിയെ നേരിട്ടുകണ്ടപ്പോള്‍ യാത്രക്കാര്‍ അത്ഭുതപ്പെട്ടു പോയി. താങ്കളെ പോലെ ഉന്നത മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായാണെന്നായിരുന്നു ഒരു യാത്രക്കാരി മന്ത്രിയോട് പറഞ്ഞത്. നിങ്ങളെപ്പോലെ ഞങ്ങളും സാധാരണക്കാരാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
യാത്രക്കാരോട് കുശലാന്വോഷണവും യാത്രാ സൗകര്യങ്ങളെക്കുറിച്ചും ഒരു സുഹൃത്തിനോടെന്നപോലെ മന്ത്രി ചോദിച്ചറിഞ്ഞു. എവിടെയാണ് ജോലിയെന്നും ട്രെയിന്‍ വൃത്തിയുള്ളതാണോയെന്നും മറ്റും മന്ത്രി യാത്രക്കാരനോട് ചോദിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞമാസമാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതും. ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി നാലുദിവസത്തെ സന്ദര്‍ശനത്തിന് ഒഡീഷയിലെത്തിയ സന്ദര്‍ഭത്തിലായിരുന്നു യാത്രക്കാരുമായി കുശലം പങ്കിട്ടത്.
നേരത്തേ ഭൂവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും ശുചിത്വവും മന്ത്രി പരിശോധിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒഡിഷയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തിട്ടുള്ള അശ്വിനി വൈഷ്ണവ് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്.

