ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ സമ്മാനമായി നൽകി: യുഡിഎഫ് ചെയർപേഴ്‌സണിനെതിരെ അന്വേഷണം

കൊച്ചി: തൃക്കാക്കര നഗരസഭയിലെ യു ഡി എഫ് ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം നൽകിയ സംഭവത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. സംഭവത്തിനു പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് കണ്ടെത്താനാണ് പാർട്ടിയുടെ തീരുമാനം. സംഭവത്തിൽ അന്വേഷണം നടത്താൻ കോൺഗ്രസ് ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അജിത കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ തന്നെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ചെയർ പേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാരെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തി ഓണസമ്മാനം നൽകിയത്. സ്വകാര്യമായാണ് ചെയർപേഴ്‌സൺ ഓരോരുത്തർക്കും കവർ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരികെ നൽകുകയും ചെയ്തു. ചെയർപേഴ്‌സന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണിതെന്നാണ് കൗൺസിലർമാരുടെ സംശയം.