തിരുവനന്തപുരം: കെഎസ്ഇബി സ്വകാര്യവത്കരണത്തിന് അനുകൂല നിർദേശങ്ങളുമായി റെഗുലേറ്ററി കമ്മിഷൻ. സംസ്ഥാനത്ത് വ്യത്യസ്ത നിരക്കുകളിൽ വൈദ്യുതി വിൽക്കാമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു. കെഎസ്ഇബി നിയമസഭാ പാസ്സാക്കിയ സ്വകാര്യവത്കരണ വിരുദ്ധ പ്രമേയത്തിനെതിരായ നിർദേശമാണ് റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ചതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനങ്ങൾ.
പുതിയ താരിഫ് നയത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്തമാസം ആദ്യം പൊതുജനങ്ങളുടെ അഭിപ്രായം തേടും. അന്തിമ തീരുമാനം എന്തായിരിക്കുമെന്നാണ് കെഎസ്ഇബിയും ഉപഭോക്താക്കളും ആശങ്കപ്പെടുന്നത്. വ്യവസായങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനും റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശിക്കുന്നു. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികൾ പ്രതിഷേധം അറിയിക്കുന്ന സാഹചര്യത്തിലാണ് റെഗുലേറ്ററി കമ്മീഷന്റെ നീക്കമെന്നതാണ് ശ്രദ്ധേയം.
സ്വകാര്യ വിതരണ കമ്പനികൾക്കും കെഎസ്ഇബിക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്നാണ് റെഗുലേറ്ററി കമ്മിറ്റിയുടെ നയത്തിൽ പറയുന്നത്. അധികമുള്ള വൈദ്യുതി പവർ എക്‌സേചേഞ്ച് റേറ്റിൽ വ്യാവസായിക, വൻകിട ഉപഭോക്താക്കൾക്കും നൽകണമെന്നും പുതിയ നയത്തിൽ വ്യക്തമാക്കുന്നു. ഉയർന്ന നിരക്കിൽ വൻകിട ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുന്നതിൽ നിന്നും ലഭിക്കുന്ന ലാഭമാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കെഎസ്ഈബി സബ്‌സിഡിയായി നൽകുന്നത്. ഇത് നിലച്ചാൽ ഗാർഹിക നിരക്ക് വലിയ രീതിയിൽ വർധിപ്പിക്കേണ്ടി വരും.

