കാബൂൾ: താലിബാനും ചൈനയും തമ്മിലുള്ള ബന്ധം തുറന്നു സമ്മതിച്ച് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ. ഭാവിയിൽ അഫ്ഗാനിസ്താന്റെ വികസനത്തിന് ചൈനയ്ക്ക് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്ന് സുഹൈൽ ഷഹീൻ വ്യക്തമാക്കി. ചൈനയിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സുഹൈൽ ഷഹീന്റെ പ്രസ്താവന.
അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാനെ ആദ്യം സ്വാഗതം ചെയ്ത രാജ്യം ചൈനയാണ്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കുക എന്നത് ചൈനയ്ക്ക് ഏറെ താത്പര്യമുള്ള വിഷയമായിരുന്നു. താലിബാനുമായി സൗഹൃദത്തിന് താത്പര്യമാണെന്നും അവരുമായി സഹകരിക്കുമെന്നും ചൈന പരസ്യമായി വ്യക്തമാക്കിയിരുന്നു. ചെനയുമായി നല്ലബന്ധം പുലരണമെന്ന് ആഗ്രഹിക്കുന്നതായി താലിബാനും അറിയിച്ചിരുന്നു.
ചൈന താലിബാനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം തങ്ങളുടെ വ്യാവസായിക താത്പര്യങ്ങളാണ്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഒരു പ്രധാന കണ്ണിയാണ് അഫ്ഗാൻ. അഷ്റഫ് ഗനിയുടെ സർക്കാർ അഫ്ഗാനിൽ അധികാരത്തിലിരിക്കുന്ന കാലം വരെ തങ്ങളുടെ താത്പര്യങ്ങൾ ഒരിക്കലും സംരക്ഷിക്കപ്പെടില്ലെന്ന് ചൈന മനസിലാക്കിയിരുന്നു. ഇക്കാരണത്താലാണ് ചൈന താലിബാന് പിന്തുണ നൽകുന്നത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ് മറ്റൊരു പദ്ധതി. പാകിസ്താനിൽ നിക്ഷേപങ്ങൾ നടത്താനും നയതന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ചൈന പദ്ധതിയിടുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് താലിബാന് ചൈന പിന്തുണ നൽകുന്നത്.

