ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തി. ഡിസിസി അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിലെ പൊട്ടിത്തെറിയിൽ സോണിയാഗാന്ധി അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും താരിഖ് അൻവർ ഫോണിൽ വിളിച്ച് സംസാരിച്ചു.
സോണിയാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ചർച്ച നടത്തിയത്. പരാതി ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് താരിഖ് അൻവർ സോണിയാ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും. ചർച്ചകളില്ലാതെ സംസ്ഥാന നേതൃത്വം ഏകപക്ഷീയ തീരുമാനം എടുക്കുന്നു എന്നാരോപിച്ച് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണമെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്നാണ് വിവരം. പാർട്ടിയിൽ ഭിന്നതയെന്ന തോന്നൽ ഉണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും പ്രത്യേക പട്ടികയൊന്നും നൽകാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഡിസിസി അദ്ധ്യക്ഷന്മാരുടെ പേരുകൾ അംഗീകാരത്തിനായി നൽകിയ ശേഷവും മുതിർന്ന നേതാക്കൾ പരാതിയുമായി രംഗത്തുവന്ന സാഹചര്യത്തെ കുറിച്ച് വിശദാംശങ്ങൾ നൽകാനാണ് സോണിയാ ഗാന്ധി താരിഖ് അൻവറിന് നിർദ്ദേശം നൽകിയത്.

