ഹരിതയെ മരവിപ്പിച്ച ലീഗ് നേതാക്കള്‍ അറിയുമോ, ബഹുഭാര്യാത്വത്തിനെതിരെ പ്രമേയം പാസാക്കിയെടുത്ത ബീഗം ഷാനവാസിനെ !

എറണാകുളം: മുസ്ലീം ലീഗിലെ പുരുഷാധിപത്യം തുറന്നുകാട്ടിയ ഹരിതയിലെ മിടുക്കികളായ പെണ്‍കുട്ടികള്‍ കേരള രാഷ്ട്രീയത്തില്‍ ഇരകളാവുകയാണ് ഉണ്ടായത്. ലീഗിന്റെ വിദ്യാര്‍ഥിവിഭാഗമായ മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എംഎസ്എഫ്) സംസ്ഥാന നേതാക്കള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു വനിതാവിഭാഗം നേതാക്കളുടെ പരാതി. പാര്‍ട്ടി നേതാക്കള്‍ക്കു പരാതി കൊടുത്തിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനാല്‍ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്കു പുറത്തേക്കു വിഷയം കൊണ്ടുപോയെന്ന പേരില്‍ അച്ചടക്കലംഘനമെന്ന് ചൂണ്ടിക്കാട്ടി ഹരിതയെ മരവിപ്പിച്ചിരിക്കുകയാണ് ഇപ്പോല്‍.

1948ല്‍ സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് ഇന്നുവരെ കേരള നിയമസഭയില്‍ ഒരു വനിതാപ്രതിനിധി ഉണ്ടായിട്ടില്ലെന്നത് മാത്രം നോക്കിയാല്‍ മതി പാര്‍ട്ടിയില്‍ വനിതകള്‍ നേരിടുന്ന വിവേചനം വ്യക്തമാകാന്‍.

എന്നാല്‍, മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ആയിരുന്നു മുന്‍പന്തിയില്‍ എന്നത് ഇപ്പോള്‍ ചൂണ്ടിക്കാട്ടേണ്ട വിഷയം തന്നെയാണ്. 1906ല്‍ ധാക്കയില്‍ രൂപം കൊണ്ട ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് സ്ത്രീപുരുഷസമത്വത്തിന്റെ മാതൃക തന്നെയായിരുന്നു രാജ്യത്തിന് കാട്ടിക്കൊടുത്തത്.

ലീഗിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ മിയാന്‍ മുഹമ്മദ് ഷാഫിയുടെ മകളായ ബീഗം ഷാനവാസ് എന്ന് അറിയപ്പെട്ടിരുന്ന ജഹന്നാരാ ഷാനവാസ് ഇതിന് വ്യക്തമായ ഉദാഹരണമാണ്. ഓള്‍ ഇന്ത്യ മുസ്ലിം വിമന്‍സ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തകയായ അവര്‍ 1918ല്‍ മുസ്ലിം ലീഗിന്റെ ലഹോര്‍ സമ്മേളനത്തില്‍ ബഹുഭാര്യാത്വത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു പാസാക്കിയെടുത്തിരുന്നു. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ബീഗം ഷാനവാസ് 1935ല്‍ പഞ്ചാബ് സംസ്ഥാന മുസ്ലിം ലീഗിന്റെ വനിതാവിഭാഗം അധ്യക്ഷയായി.

1937ല്‍ പഞ്ചാബ് സംസ്ഥാന നിയമസഭയിലേക്കും അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു വിദ്യാഭ്യാസമന്ത്രിയായി. ലണ്ടനില്‍ നടന്ന വട്ടമേശസമ്മേളനത്തില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധികളില്‍ ഒരാള്‍ ബീഗം ഷാനവാസ് ആയിരുന്നു. ഇത്തരം ധാരാളം വനിതാ നേതാക്കളുടെ കഥകള്‍കൊണ്ടു സമ്പന്നമാണു മുസ്ലിം ലീഗിന്റെ ചരിത്രം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നടന്ന മുന്നേറ്റമായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.