ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി. കേസിൽ ശശി തരൂരിന് എതിരെ കുറ്റം ചുമത്തില്ല. തരൂരിനെതിരായ ആത്മഹത്യാപ്രേരണക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി. കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് സൂചിപ്പിച്ചാണ് കോടതി വിധി പ്രസ്താവം നടത്തിയത്. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.
തരൂരിനെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ തനിക്കെതിരേയുള്ള കേസ് അവസാനിപ്പിക്കണണെന്ന തരൂരിന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ വാദം. സുനന്ദ പുഷ്‌കറിന്റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നും ശശി തരൂർ വാദിച്ചു.
2014 ജനുവരി 17 നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

