ന്യൂഡൽഹി: ഇന്ധന – എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സർക്കാരിന്റെ ഓയിൽ ബോണ്ട് ബാധ്യത ഇല്ലായിരുന്നുവെങ്കിൽ ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിന് ഇളവുകൾ നൽകാനാകുമായിരുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സർക്കാർ ഇന്ധന വില കുറച്ചത്. യുപിഎ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ കഴിയില്ലെന്നും എണ്ണ കടപത്രം സർക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്സൈസ് തീരുവ കുറക്കുന്നില്ലെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാൻ കഴിയുമായിരുന്നു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണെന്നും ധനമന്ത്രി അറിയിച്ചു.
എൻഡിഎ സർക്കാരാണ് പണം നൽകുന്നത്. ഒരു ലക്ഷത്തിലധികം കോടിയുടെ ഓയിൽ ബോണ്ടുകൾ യു.പി.എ സർക്കാർ ഇറക്കി. ഇതിന്മേൽ കഴിഞ്ഞ ഏഴ് സാമ്പത്തിക വർഷങ്ങളിൽ തങ്ങളുടെ സർക്കാർ 9000 കോടി രൂപയിലധികം പലിശ പ്രതിവർഷം അടയ്ക്കുന്നുണ്ട്. സർക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഉയർന്ന വരുമാനനിലയും പ്രധാന സൂചകങ്ങളിലെ ഉയർച്ചയും സ്ഥിതിഗതകൾ മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും ലാഭം രേഖപ്പെടുത്തിയെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.

