കാബൂള്‍: ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ അഫ്ഗാന്‍ പതാക നീക്കം ചെയ്ത് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. മുല്ല അബ്ദുല്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍.
അതേസമയം, കാബൂളിലെ എംബസി ഒഴിപ്പിക്കില്ലെന്നും താലിബാന്‍ സുരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.
എന്നാല്‍ താലിബാനുമായി കടുത്ത ശത്രുത പുലര്‍ത്തുന്ന ഇന്ത്യ കരുതലോടെയാണ് അഫ്ഗാനിലെ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യത്തിനായി വ്യോമസേനയുടെ കൂറ്റന്‍ സി – 17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിറുത്തിയിട്ടുണ്ട്. 300 പേര്‍ക്ക് കയറാവുന്ന വിമാനമാണ്. ഇന്ത്യന്‍ എംബസിയിലെ എല്ലാ രേഖകളും കമ്ബ്യൂട്ടറുകളും നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എയര്‍ ഇന്ത്യ രാത്രി 12.30ന് തങ്ങളുടെ വിമാനം കാബൂളില്‍ നിന്നും പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ രാത്രി 8.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന വിമാന സര്‍വീസ് ആണ് 12.30ലേക്ക് മാറ്റിയിരിക്കുന്നത്.
അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ക്കു വേണ്ടി രണ്ട് വിമാനങ്ങള്‍ എപ്പോഴും തയ്യാറാക്കി നിര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നതായി നേരത്തെ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മറ്റുള്ള എല്ലാ രാഷ്ട്രങ്ങളും അഫ്ഗാനിസ്ഥാന്റെ വിമാനപാത ഒഴിവാക്കാന്‍ തങ്ങളുടെ വിമാനകമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭിമാനകരമായ നീക്കം.

