അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചടക്കി താലിബാൻ

കാബൂൾ: അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി പ്രഖ്യാപിക്കുമെന്നു താലിബാൻ. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം താലിബാൻ ഇതിനോടകം പിടിച്ചടക്കിയിട്ടുണ്ട്.

കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. അഷ്റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന. അഫ്ഗാനിൽ ഭരണനിയന്ത്രണത്തിനു മൂന്നംഗ താൽക്കാലിക സമിതിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ട്. താലിബാൻ പ്രതിനിധിയും സമിതിയിലുണ്ടെന്നാണു സൂചന. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലാണു സമിതി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസും നിർത്തി.

കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.