അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ട്; മാനുഷികമായ സഹായങ്ങൾ ഒരുക്കണമെന്ന് മലാല യൂസഫ്‌സായ്‌

കാബൂൾ: കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പ്രതികരണവുമായി നൊബേൽ ജേതാവും വിദ്യാഭ്യാസ അവകാശ പ്രവർത്തകയുമായ മലാല യൂസഫ്സായി. അഫ്ഗാനിലെ സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരെക്കുറിച്ചോർത്ത് അഗാധമായ ആശങ്കയുണ്ടെന്ന് മലാല വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നത് ഞെട്ടലോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും മലാല പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.

അഫ്ഗാനിൽ വെടിനിർത്തലിന് ആഗോള സമൂഹം രംഗത്തുവരണം. അഭയാർത്ഥികൾക്കും പൗരന്മാർക്കും ഉടൻ സഹായം ലഭ്യമാക്കണം. മാനുഷികമായ സഹായങ്ങൾ അഫ്ഗാൻ ജനതയ്ക്ക് ഒരുക്കണമെന്നും മലാല ആവശ്യപ്പെട്ടു.

അതേസമയം കാബൂളിന്റെ നിയന്ത്രണം അഫ്ഗാൻ പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു. അഫ്ഗാന്റെ നിയന്ത്രണം ഉടൻ താലിബാൻ ഏറ്റെടുക്കുമെന്നാണ് വിവരം. താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് റിപ്പോർട്ട്. കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.