കേരളത്തില്‍ നിന്നും ഏക വനിത, ചരിത്ര നേട്ടം പേരിലുള്ള പി.വി. സിന്ധുവും, ആദ്യദിനം കള്ളനെ ഓടിച്ചിട്ട് പിടികൂടിയ സതീശനും മെഡല്‍ സല്യൂട്ട് !

തൃശൂര്‍: കേരളത്തില്‍ നിന്നു സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ 10 പേരിലെ ഏക വനിതയെന്ന സ്ഥാനം തൃശൂര്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി.വി. സിന്ധുവിന് സ്വന്തം. കേരളത്തിലാദ്യമായി ഒരു പൊലീസ് സ്റ്റേഷന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന വനിതാ എസ്‌ഐ എന്ന നേട്ടത്തിന് ശേഷം, രാഷ്ട്രപതിയുടെ മെഡലും സിന്ധുവിനെ തേടി എത്തിയിരിക്കുകയാണ്.

പിഎസ്സിയുടെ ആദ്യ പൊലീസ് ബാച്ചില്‍ അംഗമായി 1991ല്‍ ആണ് പി.വി. സിന്ധു കാക്കി അണിയുന്നത്. പൊലീസ് അക്കാദമിയില്‍ ജോലിചെയ്യുമ്പോള്‍ എസ്‌ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 2013ല്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്‌ഐ ആയി നിയമനം ലഭിച്ചപ്പോഴാണ് പൊലീസ് സ്റ്റേഷന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ആദ്യ വനിതാ എസ്‌ഐ എന്ന ചരിത്രനേട്ടം സിന്ധുവിന് ലഭിച്ചത്. 2017ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.

ഔദ്യോഗിക സേവനത്തിന്റെ 30-ാം വര്‍ഷത്തിലാണു പി.വി. സിന്ധുവിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇക്കാലയളവില്‍ തന്നെ, 30ലേറെ ഗുഡ് സര്‍വീസ് എന്‍ട്രി നേടിയിട്ടുണ്ട് ഇവര്‍. കേരള പൊലീസ് ആദ്യമായി ആരംഭിച്ച വനിത ബുള്ളറ്റ് പട്രോളിങ് ടീമിന്റെ സാരഥിയുമാണ് പി.വി. സിന്ധു.

മാത്രമല്ല, പൊലീസ് സേനാംഗമായ അന്ന് തന്നെ മോഷ്ടാവിനെ പിടികൂടി മികവ് തെളിയിച്ച സതീശന്‍ മടപ്പാട്ടിലിനും രാഷ്ട്രപതിയില്‍ നിന്നും അര്‍ഹിച്ച അംഗീകാരം തന്നെയാണ് ലഭിച്ചത്. കൊരട്ടി സ്റ്റേഷനിലെ എഎസ്‌ഐയും ഡിവൈഎസ്പിയുടെ പ്രത്യേക കുറ്റാന്വേഷണ സംഘത്തില്‍ അംഗവുമാണ് സതീശന്‍. 250-ലധികം ഗുഡ് സര്‍വീസ് എന്‍ട്രിയാണ് സതീശന് ലഭിച്ചിട്ടുള്ളത്.

മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടിയതടക്കം, തിരുത്തിപ്പറമ്പ് ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്, ഇരിങ്ങാലക്കുട മറിയം കൊലക്കേസ്, പരിയാരം രാജീവ് വധക്കേസ്, കൊന്നക്കുഴി ബാബു വധക്കേസ്, ഇടശേരി ജ്വല്ലറി കവര്‍ച്ച, പോട്ട സ്വര്‍ണക്കവര്‍ച്ച, കൊടകര കുഴല്‍പ്പണക്കേസ് തുടങ്ങിയവ അന്വേഷിച്ച പൊലീസ് സംഘങ്ങളില്‍ അംഗവുമായിരുന്നു സതീശന്‍.

പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് സതീശന്‍ ജോലി ആരംഭിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജില്ലാ സായുധ സേന, തൃശൂര്‍ ഡിഐജി ഓഫിസ്, തൃശൂര്‍ ട്രാഫിക്, ഇരിങ്ങാലക്കുട, കാട്ടൂര്‍, ചാലക്കുടി, അതിരപ്പിള്ളി സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചു. കേരള പൊലീസിനെ പ്രതിനിധീകരിച്ചു ദേശീയ ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്.

ഇവരെക്കൂടാതെ, ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്.പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകന്‍.എ, (റിട്ട.), അരുണ്‍ കുമാര്‍.എസ്, ഇന്‍സ്പെക്ടര്‍ സജി കുമാര്‍.ബി, ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേഷന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹസേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.