പൂര്‍ണസ്വരാജ് ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാര്‍, സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചരിത്ര നിര്‍മ്മിതി നീതികാണിച്ചില്ലെന്ന് കാനം രാജേന്ദ്രന്‍ !

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചരിത്രനിര്‍മ്മിതി കമ്മ്യൂണിസ്റ്റുകാരോട് നീതി കാണിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്വാതന്ത്ര്യ സമരത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതിനായകത്വത്തില്‍ നടന്ന സമരമായി സാമാന്യവത്കരിച്ചുവെന്നും, കമ്മ്യൂണിസ്റ്റുകാര്‍ പിന്നീട് സ്വാതന്ത്ര്യ സമരത്തെ ഒറ്റ് കൊടുത്തവര്‍ എന്നും വിശേഷിപ്പിക്കപ്പെട്ടുവെന്നും കാനം കുറ്റപ്പെടുത്തുന്നു. ജനയുഗം പത്രത്തിന്റെ ലേഖനത്തിലാണ് കാനം രാജേന്ദ്രന്‍ ഇത്തരത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി പൂര്‍ണസ്വരാജ് ആശയം ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാരാണെന്നും, എന്നാല്‍ 1924 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിട്ട് നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി ആയെന്നും കാനം ലേഖനത്തില്‍ പറയുന്നു.

ക്വിറ്റ് ഇന്ത്യ സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗുരുതരമായ പാളിച്ചയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞെന്നും, 1958 ലെ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനം എടുത്തെങ്കിലും ഏകീകൃത സ്വഭാവത്തോടെ എല്ലാ ഘടകങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചില്ല എന്നത് വാസ്തവവെന്നും കാനം രാജേന്ദ്രന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ എല്ലാ പാര്‍ട്ടി ഓഫീസുകളിലും പതാക ഉയര്‍ത്തല്‍ ഉണ്ടായിരുക്കുമെന്ന അറിയിപ്പിന് പിന്നാലെ പ്രതിപക്ഷമടക്കം പരിഹാസവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കാനത്തിന്റെ തുറന്നെഴുത്ത്.