തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയിലെ വരുമാനവും കുറഞ്ഞതോടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
ഓണത്തിന് ഒരാഴ്ച്ചമുന്‍പ് ജീവനക്കാര്‍ക്ക് ഉല്‍സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ശമ്പളം പോലും നല്‍കാന്‍ നീക്കിയിരിപ്പില്ലാതെ നട്ടം തിരിയുകയാണ്. വെറും അഞ്ചു കോടി രൂപ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പക്കല്‍ ബാക്കിയുളളത്.
സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ജീവനക്കാരുടെ ഓണം ഉല്‍സവബത്തയും ശമ്പള അഡ്വാന്‍സും മുടങ്ങുന്ന സ്ഥിതിയിലാണ്. ഓണ ആനുകൂല്യങ്ങള്‍ നല്‍കണമെങ്കില്‍ 25 കോടിയിലധികം രൂപ വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ നല്‍കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്.
ഇത് ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാരിനെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ തീരുമാനം. മാത്രമല്ല, ബോര്‍ഡിന്റെ കൈവശമുള്ള സ്വര്‍ണ്ണം റിസര്‍വ്വ് ബാങ്ക് നയം അനുസരിച്ച് പണയം വെയ്ക്കാന്‍ കോടതിയുടെ അനുമതി നേടാനും നടപടി തുടങ്ങിയിട്ടുണ്ട്.
ശബരിമലയില്‍ നിന്നും കിട്ടുന്ന നടവരവായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മുഖ്യ വരുമാനം. അതിനാല്‍ തന്നെ, ശബരിമല തീര്‍ത്ഥാടനം മുടക്കമില്ലാതെ തുടരണമെന്നാണ് തീരുമാനം. എന്നാല്‍ എത്രപേരെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

