കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസില്‍ സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതോടെയാണ് പ്രോസിക്യൂഷന് ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത്. കേസിലെ 34-ാം സാക്ഷി കാവ്യയുടെ മൊഴികള്‍ കേസില്‍ ഭര്‍ത്താവായ ദിലീപിനു നിര്‍ണായകമാണ്.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ദിലീപിനു ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന് വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ കൂടെ കാവ്യയുമുണ്ടായിരുന്നെന്ന മൊഴിയെ തുടര്‍ന്നായിരുന്നു കാവ്യയെയും സാക്ഷിയാക്കിയത്.
2017 ലാണ് കൊച്ചിയില്‍ യുവനടി അക്രമത്തിന് ഇരയായത്. കേസില്‍ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂര്‍ത്തിയായത്. 300 ഓളം പേരുടെ വിസ്താരമാണ് പൂര്‍ത്തിയാക്കാനുള്ളത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭര്‍ത്താവും നടനുമായ ദിലീപ്.

