ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ല; മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കോട്ടയം തിരുവാർപ്പ് പള്ളിക്കേസ് വിധിന്യായത്തിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

തിരുവാർപ്പ് പളളി ആറാഴ്ചയ്ക്കകം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നാണ് കോടതിയുടെ നിർദ്ദേശം. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന് കീഴ്ക്കോടതിയുടെ ഉത്തരവുണ്ടായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോൾഡ് സ്റ്റോറേജിൽ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും കോടതി പറഞ്ഞു.

ഉത്തരവ് നടപ്പാക്കാത്തതിന് കാരണമായി പോലീസ് പറയുന്നത് ക്രമസമാധാന പ്രശ്നമാണ്. ഇത് കോടതി അംഗീകരിക്കാൻ പോയാൽ അത് നീതിന്യായ വ്യവസ്ഥയിലെ തന്നെ കറുത്തദിനമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.