പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ടെന്ന് സര്‍ക്കാരിനോട് മമ്മൂട്ടി

വെള്ളിത്തിരയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നതില്‍ ആദരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വേണ്ടെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി സിനിമാ – സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അറിയിച്ചിരിക്കുന്നത്.

ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം അറിയിക്കാനായി മന്ത്രി വിളിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിയുടെ ആഗ്രഹം അങ്ങനെയായതിനാല്‍ ലളിതമായൊരു ചടങ്ങ് സംഘടിപ്പിക്കാമെന്നും, ഇത് സന്തോഷകരമായ സന്ദര്‍ഭമാണെന്നും മന്ത്രി പറഞ്ഞു.

വലിയ ആശയങ്ങള്‍ സംഭാവന ചെയ്ത മഹാനായ ഒരു കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ അന്തരീക്ഷത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂട്ടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തെ, ചലച്ചിത്ര ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് മമ്മൂട്ടിയെന്നും, അതിനാല്‍ തന്നെ മമ്മൂട്ടിയെ സര്‍ക്കാര്‍ ആദരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിനു വേണ്ടി പ്രത്യേക പരിപാടി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.