കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് ഹൈക്കോടതിയുടെ സ്റ്റേ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.
കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുമുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇ.ഡി കോടതിയില്‍ വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയാണ് ഇ.ഡി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
എന്നാല്‍, ഇ.ഡിക്ക് ഇത്തരത്തിലൊരു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. ഇതാണ് കോടതി തള്ളിയിരിക്കുന്നത്.

