ക്രിക്കറ്റിനെ അവഗണിക്കരുത്; ഒളിംപിക്‌സില്‍ മത്സരയിനമാക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ച് ഐസിസി

ലോസ്ആഞ്ചലസ്: ഒളിംപിക്സിലേക്ക് ക്രിക്കറ്റിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സില്‍ ക്രിക്കറ്റും മത്സര ഇനമായി ഉള്‍പ്പെടുത്താന്‍ ഐസിസി അപേക്ഷ നല്‍കി.

ലോകത്താകമാനം 100 കോടിയിലധികം ക്രിക്കറ്റ് ആരാധകരുണ്ട്. അവരെല്ലാം ക്രിക്കറ്റ് ഒളിംപിക്സ് ഇനമായി കാണാന്‍ ആഗ്രഹിക്കുന്നു. ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പെടുത്തുന്നത് കളിക്കും ഗെയിംസിനും ഗുണകരമാകുമെന്ന് ഐ സി സിയുടെ ഗ്രെഗ് ബെയ്ലി അഭിപ്രായപ്പെട്ടു.

അടുത്ത വര്‍ഷം ബര്‍മിങ്ഹാമില്‍ നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ക്രികെറ്റ് ഒരു മത്സരയിനമാണ്. ഇത് ഒളിംപിക്സിലേക്കുള്ള വരവിന് പാതയൊരുക്കുമെന്നാണ് ഐ സി സിയുടെ പ്രതീക്ഷ.

യു എസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പരാഗ് മറാത്തെയാണ് ലോസ് ആഞ്ചലസില്‍ ക്രിക്കറ്റ് ഉള്‍പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 1900ത്തില്‍ പാരീസില്‍ വെച്ച് നടന്ന ഒളിംപിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഒരു ഇനമായിരുന്നത്. 2028ല്‍ വീണ്ടും ഒളിംപിക്‌സിനായി പാരിസ് വേദിയൊരുക്കുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും അരങ്ങേറുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോടിക്കണക്കിന് ആരാധകര്‍.