കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കി. മറാത്ത സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവ് വരും മുന്‍പാണ് നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും, കേന്ദ്ര സര്‍ക്കാറിന്റെ സംവരണ പട്ടികയില്‍ 2000 മുതല്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗമുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
മാത്രമല്ല, കേന്ദ്ര സര്‍ക്കാറിന്റെ സംവരണ പട്ടികയില്‍ 2000 മുതല്ക്രിസ്ത്യന് നാടാര്‍ വിഭാഗമുണ്ടെന്നും, സുപ്രീം കോടതി ഉത്തരവിന് മുന്‍പുള്ള സംവരണ പട്ടിക രാഷ്ട്രപതി പുതിയ പട്ടിക തയ്യാറാക്കുന്നത് വരെ നിയമപരമായി നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പുതിയ വിഭാഗങ്ങളെ ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഒ.ബി.സി പട്ടികയില്‍ മാറ്റം വരുത്താന്‍ അധികാരം രാഷ്ട്രപതിക്കാണെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക സമുദായ ഫെഡറേഷന്റെ ഹര്‍ജിയിലാണ് വിധി. സംവരണ വിഭാഗങ്ങളെ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്ന സുപ്രിംകോടതി വിധി ഉദ്ധരിച്ചായിരുന്നു ഹൈക്കോടതി നടപടി.
2021 ഫെബ്രുവരി ആറാം തീയതിയാണ് നാടാര്‍ ക്രിസ്ത്യന്‍ വിഭാഗത്തെ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു തീരുമാനം. ഇതിനെതിരെ പിന്നാക്ക സമുദായ സംഘടനാ നേതാവ് എസ് കുട്ടപ്പന് ചെട്ട്യാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

