കോട്ടയം: വൈദ്യുത വാഹനങ്ങൾക്കായി കോട്ടയം നഗരത്തിൽ ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു. 3 ചാർജിങ് കേന്ദ്രങ്ങളാണ് നഗരത്തിലും പരിസരങ്ങളിലുമായി ആരംഭിക്കാനൊരുങ്ങുന്നത്. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പ്, എംസി റോഡിൽ പള്ളം ഇലക്ട്രിക്കൽ സെക്ഷൻ വളപ്പ്, ഗാന്ധിനഗർ -മെഡിക്കൽ കോളേജ് റോഡരികിൽ ഗാന്ധിനഗർ സെക്ഷൻ ഓഫിസ് വളപ്പ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഘട്ടമായി കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെൻഡർ നൽകിയിട്ടുണ്ട്.
ചാർജിംഗ് സ്‌റ്റേഷനുകളുടെ പ്രവർത്തനം ആറു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് തീരുമാനം. ചാർജിങ് കേന്ദ്രങ്ങളുടെ നിർമാണത്തിനായി തറ നിരപ്പാക്കുന്ന ജോലികൾ കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ ചാർജിങ് കേന്ദ്രം പ്രവർത്തന സജ്ജമാക്കും എന്നായിരുന്നു കരാർ. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നടപടികൾ നീണ്ടു പോകുകയായിരുന്നു.
നിരത്തി സ്ഥലം ഒരുക്കുന്നതിനു 5 മുതൽ 10 ലക്ഷം രൂപ വരെയാണ് ചെലവ്. ചാർജിങ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു 20 ലക്ഷം രൂപ ചെലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 കെ ഡബ്ല്യു എ ട്രാൻസ്‌ഫോമറുകൾ ഓരോ കേന്ദ്രത്തിലും ഉണ്ട്. ഇത് കെഎസ്ഇബി ആണ് ലഭ്യമാക്കുന്നത്.
30 കെ ഡബ്ല്യു എ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയുന്ന 2 കിയോസ്‌കുകൾ ചാർജിംഗ് കേന്ദ്രത്തിൽ ഉണ്ടാകും. 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും മേൽക്കൂര സജ്ജമാക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു. ഒരു യൂണിറ്റിന് 5 രൂപ പ്രകാരമാണ് കെഎസ്ഇബി വാഹനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക. നിലവിലുള്ള കാറുകൾ പൂർണമായും ചാർജ് ചെയ്യണമെങ്കിലും ഒരു മണിക്കൂർ വരെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

